Leader Page
ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങൾകൂടി നിയമസഭയിൽ പരിഗണിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ജനങ്ങള്‍ക്കുവേണ്ടി നിയമസഭയിൽ ചോദ്യം ചോദിക്കേണ്ട ചുമതല അവര്‍ക്കാണ്. അതിലുപരിയായി എന്തുകൊണ്ട് ജനങ്ങള്‍ക്കു സഭയില്‍ നേരിട്ടു ചോദ്യം ചോദിക്കാനുള്ള ഒരു ചെറിയ സമയം അനുവദിച്ചു കൊടുത്തുകൂടാ എന്നൊരു ചിന്ത തനിക്കുണ്ടെന്നും അദ്ദേഹം ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് കോട്ടയത്ത് ദീപിക കേന്ദ്ര ഓഫീസിൽ സന്ദർശനത്തിന് എത്തിയതായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വലിയ കെട്ടിടത്തില്‍ പരമാവധി സൗകര്യങ്ങളുടെ സ്ഥലത്ത് ഒതുങ്ങിക്കൂടേണ്ടതല്ല ജനപ്രതിനിധിസഭ. അതു ജനങ്ങളിലേക്ക് ഇറങ്ങണം. നിലവിൽ ഒരു മണിക്കൂർ ചോദ്യോത്തരവേളയുണ്ട്. അതുകൂടാതെ ജനങ്ങളുടെ നേരിട്ടുള്ള ചോദ്യം സഭയ്ക്കു പരിഗണിക്കാൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. എങ്കിലും ഇതൊക്കെ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
? കേരള നിയമസഭയില്‍ ഇപ്പോള്‍ യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷനിരയും അത്ര മോശമല്ല. സ്പീക്കറെന്ന നിലയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടോ?
നിയമസഭയെ സംബന്ധിച്ച് ഒരു സ്പീക്കറുടെ ഏറ്റവും വലിയ ഗൈഡ് ലൈന്‍ എന്നു പറയുന്നത് ഒരു റൂള്‍ ബുക്കാണ്. ആ റൂള്‍ ബുക്ക് ഭൂരിപക്ഷ-ന്യൂനപക്ഷമനുസരിച്ച് മാറുന്നതല്ല. അതനുസരിച്ച് പോകുക എന്നുള്ളതാണ് സ്പീക്കറുടെ ചുമതല. നിയമസഭയിലെ ഏറ്റവും അവസാന വാക്ക് സ്പീക്കറുടേതാണ്. അതനുസരിച്ച് മുന്നോട്ടു പോകുമ്പോഴും അതു നീതിബോധത്തോടെ ചെയ്യണം. അതു കൃത്യമായി ചെയ്യുക എന്നതാണ് എന്റെ മനസിലുള്ള ചിന്ത.
? ഇത്തവണ ഒരു ബിജെപി നിരകൂടി സഭയിലുണ്ട്. അവരെയും പരിഗണിക്കേണ്ടിവരില്ലേ?
തീര്‍ച്ചയായും. സഭയിലെ അധ്യക്ഷന്റെ ആദ്യ ചുമതല നെസസറ്റീസ് പാസാക്കിക്കൊടുക്കുക എന്നുള്ളതാണ്. അതേസമയം സഭയില്‍ നമ്മള് എടുക്കുന്ന നടപടികള്‍ അംഗസംഖ്യ അനുസരിച്ചല്ലല്ലോ ചെയ്യുന്നത്. അവര്‍ക്കു ലഭിക്കേണ്ട അര്‍ഹമായ സ്ഥാനം മാന്യമായി കൊടുക്കുക എന്നുള്ളതാണ്. അതല്ലേ എനിക്കു ചെയ്യാന്‍ സാധിക്കൂ. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ എപ്പോഴും റിയാക്ഷന് ഉണ്ടാകുന്നത് ആക്ഷനു ശേഷമായിരിക്കും. ആക്ഷന്‍ പോസിറ്റീവാണെങ്കില്‍ റിയാക്ഷനും പോസിറ്റീവായിരിക്കും.
? കേരള നിയമസഭയിലെ ഡയസ് ഒരുപാട് കലാപത്തിനു വേദിയായതാണ്. അതൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ?
അതുണ്ടാകരുതെന്നാണ് എന്റെ താത്പര്യം. നിയമസഭയ്ക്കകത്തെ ഏറ്റവും പ്രധാന കാര്യം നിയമത്തെ വ്യാഖ്യാനിക്കുകയും നിയമപരമായി പെരുമാറുകയും ചെയ്യുക എന്നുള്ളതാണ്. ശബ്ദഘോഷംകൊണ്ടും മസില്പവറുകൊണ്ടും നിയമസഭയെ കീഴ്പെടുത്താന്‍ സാധിക്കില്ലല്ലോ. അതിനു കൂട്ടുനില്‍ക്കാനും പറ്റില്ലല്ലോ. ആ ഒരു പോയിന്റാണ് നമുക്കുള്ളത്. ഓരോരുത്തര്‍ക്കും നല്കുന്ന സമയമനുസരിച്ച് അവര്‍ക്കു പറയാനുള്ള കാര്യം പറഞ്ഞുതീര്‍ക്കാന്‍ സാധിക്കും. മാത്രമല്ല നിയമസഭയുടെ ഒരു പ്രത്യേകത അവിടെ വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടായിരിക്കും എന്നതാണ്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരും ഒരേ പോയിന്റില്‍ വരണമെന്നു ശഠിക്കാന്‍ പറ്റുമോ? വ്യത്യസ്താഭിപ്രായം മാനിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ സാധിക്കും.
? ജനപ്രതിനിധികള്‍ നിയമസഭയിൽ പലപ്പോഴും വളരെ മോശമായി പെരുമാറുന്ന സാഹചര്യം നാം കണ്ടിട്ടുണ്ട്. വിദ്യാസമ്പന്നരായ നിരവധി പുതുമുഖങ്ങള്‍ കടന്നുവന്നിരിക്കുന്ന ഈ സഭയില്‍ അതിനൊക്കെ മാറ്റം വരുമോ?
തീര്‍ച്ചയായും. വിദ്യാസമ്പന്നതയുടെ മികവുകൊണ്ട് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമാണല്ലോ കേരളം. പുതിയ സഭയിൽ 140ല്‍ 71 പേര് പുതിയ അംഗങ്ങളാണ്, ചെറുപ്പക്കാരാണ്. അവരെ നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാപ്തരാക്കണം. അവര്‍ക്ക് പരിശീലനത്തെക്കാളുപരിയായി ഇന്ററാക്ഷനുള്ള സമയം കൊടുക്കും. സംശയങ്ങള്‍ ദൂരീകരിച്ചു കൊടുത്ത് മികച്ച സാമാജികരാക്കി മാറ്റാന്‍ ശ്രമിക്കും. തങ്ങളുടെ പ്രവൃത്തികൾ ലോകം മുഴുവൻ കാണുന്നുണ്ടെന്ന ബോധ്യം ജനപ്രതിനിധികൾക്കും വേണം.
? സ്പീക്കറുടെ രാഷ്ട്രീയത്തെക്കുറിച്ച്?
സ്പീക്കര്‍ നിയമസഭയില്‍ അരാഷ്ട്രീയവാദിയായിരിക്കണം എന്നു പറയുന്നത് ശരിയല്ല. അതിലുപരിയായി പോസിറ്റീവ് എനര്‍ജി പകര്‍ന്നുകൊടുക്കാന്‍ പ്രാപ്തിയുള്ളവരായിരിക്കണം. കേരളത്തിലെ നിയമസഭാ സ്പീക്കര്‍മാരുടെ പശ്ചാത്തലമെടുത്താല്‍ അവരാരും അവരുടെ രാഷ്ട്രീയപാര്‍ട്ടികളോടുള്ള പ്രതിബദ്ധത ഉപേക്ഷിച്ചതായി കേട്ടിട്ടില്ല. സ്പീക്കറുടെ രാഷ്ട്രീയതാത്പര്യവും നീതിയുക്തമായ തീരുമാനങ്ങളും രണ്ടും രണ്ടാണ്. നീതിബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് സ്പീക്കറുടെ രാഷ്ട്രീയം തടസമാകാതിരുന്നാല്‍ മതി. നമ്മുടെ സമീപനം നീതിബോധത്തോടെയായിരിക്കണം. ഇത്തവണത്തെ നിയമസഭ പല നല്ല കാര്യങ്ങളിലും റിക്കാര്‍ഡ് ഉണ്ടാക്കുന്ന ഒരു സഭയാക്കി മാറ്റാന്‍ പറ്റുമെന്നുള്ളതാണ് പ്രതീക്ഷ.
Kerala
തിരുവനന്തപുരം: രാഷ്ട്രീയാഭിപ്രായം പണയംവെച്ചുപോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കര്‍ എന്ന അഭിപ്രായമില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. എന്നാൽ സഭയ്ക്കകത്ത് പക്ഷമുണ്ടാകാന്‍ പാടില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
അതിദീര്‍ഘ കാലത്തെ രാഷ്ട്രീയത്തില്‍ നിന്നുമാണ് ചുമതല ലഭിച്ചത്. ജനാധിപത്യത്തിന്റെ നാല് തൂണുകള്‍ ഒന്നിന്റെ തലപ്പത്തെത്താന്‍ കഴിഞ്ഞത് അതിപ്രധാന നിമിഷമാണ്. വളരെ സന്തോഷകരമായ കാര്യമാണ്. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു.
എല്ലാ അര്‍ത്ഥത്തിലും നീതിബോധത്തോടും നീതിനിഷ്ടമായും മുന്നോട്ടു പോകണം. നിഷ്പക്ഷമായ നിലപാടെടുത്ത് പ്രീതിയില്ലാതെ മുന്നോട്ടുപോകും. മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവും തമ്മില്‍ താരതമ്യപ്പെടുത്താന്‍ ആവില്ല. പാര്‍ട്ടിയോടും പാര്‍ട്ടി നേതൃത്വത്തോടും സന്തോഷവും ബഹുമാനവും മാത്രം. ഈ ചുമതല നിര്‍വഹിക്കാന്‍ തനിക്ക് കഴിയുമെന്ന് കണ്ടെത്തിയതില്‍ സന്തോഷമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സ്പീക്കർ പദവി വേണ്ടെന്ന നിലപാടുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നാണ് തിരുവഞ്ചൂരിന്റെ ആവശ്യം.
മന്ത്രി പദവികൾക്കായി ചെന്നിത്തല പക്ഷവും വിഡി പക്ഷവും ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഷാനിമോൾ ഉസ്മാനിനായി വിഡി പക്ഷവും അൻവർ സാദത്തിനായി ചെന്നിത്തല പക്ഷവും രംഗത്തെത്തിയിരുന്നു.
ടി. സിദ്ദിഖിന്റെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു. ചർച്ചകൾ പൂർത്തിയാക്കി മന്ത്രിമാരുടെ പട്ടിക വി.ഡി. സതീശൻ ഗവർണർക്ക് കൈമാറി.
Kerala
തിരുവനന്തപുരം: മണിക്കൂറുകൾനീണ്ട ചർച്ചയ്ക്കൊടുവിൽ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരെ സംബന്ധിച്ച് ഏകദേശ ധാരണയായി. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിക്കും. തുടർന്ന് പട്ടിക ഗവർണർക്ക് കൈമാറും.
മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു യുവ നേതാവിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും മുതിർന്ന അംഗം ഈ സ്ഥാനത്തേക്ക് വരണമെന്ന ചിന്തയാണ് തിരുവഞ്ചൂരിന്റെ പേരിലേക്ക് എത്തിയത്.കോൺഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് തിരുവഞ്ചൂരുമായി സംസാരിച്ചു.
ഷാനിമോള്‍ ഉസ്മാന് ഡെപ്യൂട്ടി സ്പീക്കറാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എ.പി.അനിൽകുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
പി.സി. വിഷ്ണുനാഥിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സി.പി. ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും ലഭിക്കും. ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും ലഭിക്കുക.
കേരള കോൺഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. ലീഗിന് അഞ്ചുമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അവർക്ക് 2011 ലെ വകുപ്പുകൾ തന്നെ ലഭിക്കും.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷികൾക്കെതിരെയുള്ള പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുകുമാരൻ നായർ തെറ്റായ സമീപനമെടുക്കില്ല. കാര്യങ്ങൾ മനസിലാക്കാതെ സുകുമാരൻ നായർ ഒന്നും പറയില്ല. ഇക്കാര്യത്തിൽ താൻ വിവാദത്തിനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ആരുടെ പേര് മുന്നോട്ട് വച്ചാലും താൻ അംഗീകരിക്കും. രാഹുൽഗാന്ധി നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് തീരുമാനം എടുത്തത്.
അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. വ്യക്തിപരമായ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: 10 വർഷം മുൻപ് തൂൺ നാട്ടിയ കോട്ടയം നഗരത്തിലെ ആകാശപാത പദ്ധതി യുഡിഎഫ് അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഗാന്ധിമണ്ഡപം എന്ന പേരിൽ രണ്ട് നിലകളിലായി നിർമിക്കുന്ന ആകാശപാതയുടെ മുകളിൽ വ്യൂ പോയിന്റ് അടക്കം സ്ഥാപിച്ച് പദ്ധതി പുതിയ രൂപത്തിലാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആകാശപ്പാത നടപ്പാക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയാണ് നിലവിൽ നിർമാണം വൈകാൻ കാരണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന ബജറ്റിൽ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച പദ്ധതിയാണ് കഴിഞ്ഞ 10 വർഷമായി മുടങ്ങിക്കിടക്കുന്നത്. ഇതിനെതിരേ ഇടത്-വലത് മുന്നണികൾ പരസ്പരം പഴിചാരി നിരവധി ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു.
പദ്ധതി മുടങ്ങിക്കടക്കുന്നത് എംഎൽഎയുടെ കുറ്റം കൊണ്ടാണെന്നാണ് എൽഡിഎഫിന്റെ വാദം. പദ്ധതിക്ക് തുരങ്കം വച്ച് 10 വർഷം ഭരിച്ച ഇടത് സർക്കാരുകളാണെന്ന് തിരുവഞ്ചൂരും ആരോപിക്കുന്നു.
Kerala
കോട്ടയം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ഗണേഷ്കുമാർ മുൻപും സമാന സാഹചര്യത്തിലൂടെ പോയ ആളാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
മന്ത്രി തിരുത്താൻ തയാറാകുന്നില്ല. അത് വീണ്ടും ആവർത്തിക്കുകയാണ്. അവനവൻ ചെയ്യുന്നത് സ്വയം ആലോചിക്കണമെന്നും കേരളത്തിന്റെ സംസ്കാരത്തിന് പറ്റുന്നതാണോ മന്ത്രി ചെയ്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.
ഒരു മന്ത്രി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ചോദിച്ച തിരുവഞ്ചൂര്‍ തെറ്റായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്നും വ്യക്തമാക്കി. മന്ത്രിസഭയിലെ ഒരു വ്യക്തി ഇത്തരം പ്രവർത്തനങ്ങൾ കാണിച്ചാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഇത്തരത്തിലൊരു വിഷയം ഉണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഗണേഷ് കുമാറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. അതിന് താനും സാക്ഷിയാണ്. ഗാർഹിക പീഡനമാണ് മന്ത്രിയുടെ ഭാര്യ ഉന്നയിച്ചത്. മന്ത്രിയുടെ കിടിലൻ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എങ്ങനെ ശരിയാകുമെന്നും തിരുവഞ്ചൂർ ചോദിച്ചു.
ഗണേഷ് മന്ത്രിസ്ഥാനത്ത് ഇരുന്നാൽ പോലീസ് അന്വേഷണം നടക്കില്ല. ഗണേഷ്കുമാറിന്റെ സ്റ്റാഫ് ആരുടെ ബലത്തിലാണ് പോലീസിനെ തടഞ്ഞതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.
Kerala
കോട്ടയം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ഗണേഷ് കുമാർ വേട്ടയാടുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു.
ഗണേശ് പറഞ്ഞ കാര്യങ്ങൾ മുഴുവനും അറിയാവുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി കൊടുക്കാത്തത്.
യഥാർഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് താൻ. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്നയാൾ താൻ മാത്രമായിരിക്കും. ഇതിന്റെ ഉൾകഥകളെല്ലാം എനിക്കറിയാം.
ഗണേഷിന് എന്ത് ഗുണം കിട്ടാനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്. മരണശേഷവും എന്തിനാണ് വേട്ടയാടുന്നത്. ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടിയെന്ന് പൊതുസമൂഹത്തിനറിയാം. കല്ലറയിൽകൊണ്ട് പോസ്റ്റർവച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
District News
വൈക്കം: ശബരിമലയിൽ ഭക്തജനങ്ങൾ അയ്യപ്പന് വഴിപാടായി സമർപ്പിച്ച സ്വർണം തട്ടിയെടുത്ത സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വൈക്കം ദേവസ്വം കമ്മീഷണർ ഓഫീസിനു മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹ സ്മാരകത്തിലെ ഗാന്ധി പ്രതിമയുടെ മുന്നിൽനിന്ന് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ അണിചേർന്ന ബഹുജന മാർച്ചിന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.